പ്രണയം എക്കാലത്തും സിനിമയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെ കണ്ടും കേട്ടും ശീലിച്ച പ്രണയ ചിത്രങ്ങളെ മാറ്റിയെഴുതുകയാണ് 'ആമിസ്' എന്ന ആസാമീസ് ചിത്രം (2019). ഭാസ്കർ ഹസാരിക സംവിധാനം ചെയ്ത ചിത്രത്തിൽ ലിമയും അർഗദീപും അസാമാന്യ അഭിനയം കാഴ്ചവെയ്ക്കുമ്പോൾ ഇരുവരുടേയും ആദ്യ സിനിമയാണെന്ന വസ്തുത കാഴ്ചക്കാരനു അവിശ്വസനീയം തന്നെ.
.
പ്രണയത്തിന് പുതിയ നിർവചനമാണ് നിർമാലിയും സുമോനും പ്രേക്ഷകനിലെത്തിക്കുന്നത്. 'ആമിസ് ' അടങ്ങാത്ത വിശപ്പിന്റെ നേർചിത്രം കൂടിയാണ്. വിശപ്പ് - ഭക്ഷണത്തിനോടും സ്നേഹത്തിനോടും. North-East Meat eating habits - ൽ റിസർച്ച് നടത്തികൊണ്ടിരിക്കുന്ന സുമോനേയും ഡോക്ടറായ നിർമാലിയേയും അവർപോലുമറിയാതെചേർത്തുനിർത്തുന്നത് മാംസാഹാരമാണെന്നതാണ് ഇവരുടെ പ്രണയത്തെ വ്യത്യസ്തമാക്കുന്നത്.
.
അകലാൻ ശ്രമിക്കും തോറും അടുപ്പിക്കുന്ന മാന്ത്രിക ശക്തിയായി പ്രണയവും മാംസവും രൂപാന്തരം പ്രാപിക്കുന്നു. വിലക്കപ്പെട്ട മാംസം കഴിക്കുന്നതിലൂടെ വിലക്കപ്പെട്ട പ്രണയത്തെക്കൂടിയാണ് ഇവർ നിർവീര്യമാക്കുന്നത്.
.
" lam going to feed her my own flesh" എന്ന സുമോന്റെ വാക്കുകൾ ഇതിനുമുമ്പ് നമുക്ക് സുപരിചിതമായ പ്രണയത്തിന്റേതല്ല. ഭോജിക്കുന്നതിന്റേയും ഭോജിക്കപ്പെടുന്നതിന്റേയും മറ്റൊരു മുഖമാണിത്. മിക്കവർക്കും മാംസം ഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒരിനം തന്നെയാണ്. എന്നാൽ, പ്രണയത്തിലാകട്ടെ അത് ശരീരമാണ്, പങ്കുവെയ്ക്കലാണ്. ഇവിടെ ശരീരം ഒന്നായി മാറുന്നത് സ്വന്തം മാംസം കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്. ഇങ്ങനെ പങ്ക് വെച്ച് കഴിക്കുന്നിടത്താണ് സുമോനും നിർമാലിയും നമുക്കിടയിൽ വിചിത്രമാകുന്നത്. ശാരീരിക ബന്ധത്തിന്റെ സാധ്യതകൾ തങ്ങൾക്കിടയിൽ അപ്രാപ്യമാണെന്ന സുമോന്റെ തിരിച്ചറിവു കൂടിയാണിത്.ഈ പങ്ക് വെയ്ക്കലിലൂടെയാണ് താനെന്നും അവളോടൊപ്പം ചേർന്നു നിൽക്കണമെന്ന ആഗ്രഹം സഫലീകരിക്കപ്പെടുന്നതും.
.
മാംസത്തോടുള്ള അഭിനിവേശം മോർച്ചറിയും കടന്ന് മനുഷ്യവേട്ട വരെ എത്തിനിൽക്കുമ്പോൾ വിശപ്പിന്റേയും പ്രണയത്തിന്റേയും തീവ്രത കാഴ്ചക്കാരനു വ്യക്തമാണ്. മനുഷ്യൻ മനുഷ്യനെ തന്നെ വേട്ടയാടി വിശപ്പകറ്റുന്ന കാലത്തെക്കൂടി ആവിഷ്കരിക്കുന്നിടത്താണ് അസ്വഭാവികത ഒന്നുകൂടി ഉയരുന്നത്. പതിവ് കാഴ്ചകളെ നിരാകരിക്കുന്ന ആമിസിലെ പ്രണയം, കാനിബാലിസം എന്ന ഉന്മാദാവസ്ഥ പ്രാപിക്കുമ്പോൾ, മനസ്സിൽ നടുക്കവും അതിലേറെ വീർപ്പുമുട്ടലുമാണ് അവശേഷിപ്പിക്കുന്നത്.